Revelation of John 8

1അവൻ ഏഴാം മുദ്രപൊട്ടിച്ചപ്പോൾ സ്വൎഗ്ഗത്തിൽ ഏകദേശം അര മണിക്കൂറോളം മൌനത ഉണ്ടായി. 2അപ്പോൾ ദൈവസന്നിധിയിൽ ഏഴു ദൂതന്മാർ നില്ക്കുന്നതു ഞാൻ കണ്ടു; അവൎക്കു ഏഴു കാഹളം ലഭിച്ചു.

3മറ്റൊരു ദൂതൻ ഒരു സ്വൎണ്ണധൂപകലശവുമായി വന്നു യാഗപീഠത്തിന്നരികെ നിന്നു. സിംഹാസനത്തിൻ മുമ്പിലുള്ള സ്വൎണ്ണപീഠത്തിൻ മേൽ സകലവിശുദ്ധന്മാരുടെയും പ്രാൎത്ഥനയോടു ചേൎക്കേണ്ടതിന്നു വളരെ ധൂപവൎഗ്ഗം അവന്നു കൊടുത്തു. 4ധൂപവൎഗ്ഗത്തിന്റെ പൂക വിശുദ്ധന്മാരുടെ പ്രാൎത്ഥനയോടുകൂടെ ദൂതന്റെ കയ്യിൽനിന്നു ദൈവസന്നിധിയിലേക്കു കയറി. 5ദൂതൻ ധൂപകലശം എടുത്തു യാഗപീഠത്തിലെ കനൽ നിറെച്ചു ഭൂമിയിലേക്കു എറിഞ്ഞു; ഉടനെ ഇടിമുഴക്കവും നാദവും മിന്നലും ഭൂകമ്പവും ഉണ്ടായി.

6ഏഴു കാഹളമുള്ള ദൂതന്മാർ ഏഴുവരും കാഹളം ഊതുവാൻ ഒരുങ്ങിനിന്നു.

7ഒന്നാമത്തവൻ ഊതി; അപ്പോൾ രക്തം കലൎന്ന കല്മഴയും തീയും ഭൂമിമേൽ ചൊരിഞ്ഞിട്ടു ഭൂമിയിൽ മൂന്നിലൊന്നു വെന്തുപോയി; വൃക്ഷങ്ങളിൽ മൂന്നിലൊന്നു വെന്തുപോയി; എല്ലാ പച്ചപ്പുല്ലും വെന്തുപോയി.

8രണ്ടാമത്തെ ദൂതൻ ഊതി; അപ്പോൾ തീ കത്തുന്ന വൻമലപോലെയൊന്നു സമുദ്രത്തിലേക്കു എറിഞ്ഞിട്ടു കടലിൽ മൂന്നിലൊന്നു രക്തമായിത്തീൎന്നു. 9സമുദ്രത്തിൽ പ്രാണനുള്ള സൃഷ്ടികളിൽ മൂന്നിലൊന്നു ചത്തുപോയി; കപ്പലുകളിലും മൂന്നിലൊന്നു ചേതം വന്നു.

10മൂന്നാമത്തെ ദൂതൻ ഊതി; അപ്പോൾ ദീപംപോലെ ജ്വലിക്കുന്ന ഒരു മഹാ നക്ഷത്രം ആകാശത്തുനിന്നു വീണു; നദികളിൽ മൂന്നിലൊന്നിന്മേലും നീരുറവുകളിന്മേലും ആയിരുന്നു വീണതു. 11ആ നക്ഷത്രത്തിന്നു കാഞ്ഞിരം എന്നു പേർ; വെള്ളത്തിൽ മൂന്നിലൊന്നു കാഞ്ഞിരംപോലെ ആയി; വെള്ളം കൈപ്പായതിനാൽ മനുഷ്യരിൽ പലരും മരിച്ചുപോയി.

12നാലാമത്തെ ദൂതൻ ഊതി; അപ്പോൾ സൂൎയ്യനിൽ മൂന്നിലൊന്നിനും ചന്ദ്രനിൽ മൂന്നിലൊന്നിന്നും നക്ഷത്രങ്ങളിൽ മൂന്നിലൊന്നിന്നും ബാധ തട്ടി; അവയിൽ മൂന്നിലൊന്നു ഇരുണ്ടുപോയി രാവും പകലും മൂന്നിലൊന്നു വെളിച്ചമില്ലാതെയായി.

13അനന്തരം ഒരു കഴുകു: ഇനി കാഹളം ഊതുവാനുള്ള മൂന്നു ദൂതന്മാരുടെ കാഹളനാദം ഹേതുവായി ഭൂവാസികൾക്കു കഷ്ടം, കഷ്ടം, കഷ്ടം എന്നു ഉറക്കെ പറഞ്ഞുകൊണ്ടു ആകാശമദ്ധ്യേ പറക്കുന്നതു ഞാൻ കാൺകയും കേൾക്കയും ചെയ്തു.

Copyright information for Mal1910